12:01am 01 September 2026
NEWS
മസ്തിഷ്‌ക ധമനിവീക്കം കണ്ടെത്താൻ അനാട്ടമിക്കൽ മാതൃകയിലുള്ള എ.ഐ. വികസിപ്പിച്ച് കുസാറ്റ് ഗവേഷകർ
31/08/2026  04:36 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മസ്തിഷ്‌ക ധമനിവീക്കം കണ്ടെത്താൻ അനാട്ടമിക്കൽ മാതൃകയിലുള്ള എ.ഐ. വികസിപ്പിച്ച് കുസാറ്റ് ഗവേഷകർ


കൊച്ചി: വൈദ്യശാസ്ത്ര രംഗത്തെ നിർണയപ്രക്രിയയിൽ നിർമിത ബുദ്ധിയുടെ (എ.ഐ) സാധ്യതകൾ പ്രയോജനപ്പെടുത്തി സെറിബ്രൽ അന്യൂറിസം (മസ്തിഷ്‌ക ധമനിവീക്കം) കണ്ടെത്തുന്നതിനുള്ള നൂതന എ.ഐ. അധിഷ്ഠിത അൽഗോരിതം വികസിപ്പിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഗവേഷകർ.

കുസാറ്റ് കമ്പ്യൂട്ടർ സയൻസ് വകുപ്പിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് കമ്പ്യൂട്ടർ വിഷൻ ലാബിലെ ഗവേഷക സംഘമാണ് പഠനം നടത്തിയത്. പ്രൊഫ. ഡോ. മധു എസ്. നായരുടെ നേതൃത്വത്തിൽ ഗവേഷകരായ കീർത്തി എ. എസ്. പിള്ള, പ്രീന കെ. പി. എന്നിവർ ഗവേഷണത്തിൽ പങ്കാളികളായി.

അനാട്ടമിക്കൽ മാതൃകയിൽ രൂപകൽപ്പന ചെയ്ത ഗ്രാഫ് ന്യൂറൽ നെറ്റ്‌വർക്ക് (GNN) സാങ്കേതികവിദ്യയാണ് നിർദിഷ്ട എ.ഐ. അൽഗോരിതത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഗ്രാഫുകളായി പ്രതിനിധീകരിക്കുന്ന ഘടനാപരമായ വിവരങ്ങളും അവ തമ്മിലുള്ള ബന്ധങ്ങളും പഠിക്കാൻ ശേഷിയുള്ള നൂതന ഡീപ് ലേണിങ് രീതിയാണിത്. മസ്തിഷ്‌കത്തിലെ രക്തക്കുഴലുകളുടെ ശരീരഘടനാപരമായ സവിശേഷതകൾ എ.ഐ. മാതൃകയിൽ ഉൾപ്പെടുത്തിയാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സെറിബ്രൽ അന്യൂറിസവുമായി ബന്ധപ്പെട്ട സങ്കീർണമായ രക്തക്കുഴൽ ഘടനകൾ വിശകലനം ചെയ്യാൻ അൽഗോരിതത്തിന് സാധിക്കും.

ഗവേഷണത്തിന്റെ ശാസ്ത്രീയ പ്രാധാന്യം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് (IEEE) പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണലായ IEEE Transactions on Artificial Intelligence-ൽ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചതിലൂടെ അംഗീകരിക്കപ്പെട്ടു. ആരോഗ്യരംഗത്തെ യാഥാർഥ്യപ്രശ്നങ്ങൾക്ക് നൂതന എ.ഐ., കമ്പ്യൂട്ടർ വിഷൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലുള്ള കുസാറ്റിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് കമ്പ്യൂട്ടർ വിഷൻ ലാബിന്റെ തുടർച്ചയായ ഗവേഷണ പ്രവർത്തനങ്ങൾക്ക് ഈ നേട്ടം ശ്രദ്ധേയമായ സംഭാവനയാണ്.

കൂടുതൽ വിവരങ്ങൾക്ക് ഡോ. മധു എസ് നായർ, ഫോൺ: 9447364158 ബന്ധപെടുക

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img